മമ്മൂട്ടിയെ മതനിയമം പഠിപ്പിക്കാനിറങ്ങിയ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ലയെ ‘എയറിലാക്കി’ നെറ്റിസണ്‍സ്. അസുഖബാധിതനായ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദേഹം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയിരുന്നു. ഇത് മുസ്ലീം മതനിയമത്തിന് എതിരാണെന്നാണ് ഒ അബ്ദുള്ള പറഞ്ഞത്.
മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
എന്നാല്‍, ഒ അബ്ദുള്ളയ്ക്ക് കുറച്ച് പേരുടെ പിന്തുണ മാത്രമാണ് ഈ വിഷയത്തില്‍ ലഭിച്ചത്. മതനിയമം പറഞ്ഞ അബ്ദുള്ളയെ സോഷ്യല്‍ മീഡിയ ഒന്നാകെ എതിര്‍ത്തു.
ചിലര്‍ മമ്മൂട്ടി തൗബ ചെയ്യണമെന്ന അദേഹത്തിന്റെ നിര്‍ദേശത്തെ കളിയാക്കുകയും തോബാ...
തോബയൊന്നും മമ്മൂട്ടിയെകൊണ്ട് കളിക്കാന്‍ പറ്റില്ല കാര്‍ന്നോരെയെന്നും അബ്ദുള്ളയെ കളിയാക്കിയിട്ടുണ്ട്. ഒന്നാമത് മമ്മുക്കക്ക് ഡാന്‍സ് അത്ര വശമില്ല. പിന്നെ പുള്ളിടെ ഹെല്‍ത്ത് കണ്ടിഷനും ഇപ്പോ ശരിയല്ല. ഇതിന്റെ ഇടേല്‍ നിങ്ങള്‍ തോബാ…തോബ ഒക്കെ ചെയ്യണം ന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. അതൊന്ന് മാറ്റി കുറച്ചൂടെ സിമ്പിള്‍ സ്‌റ്റെപ്പ് ഉള്ള വല്ലതും ആക്കാന്‍ പറ്റോ? പുള്ളി സുഖം പ്രാപിച്ച്. ആരോഗ്യം ഒക്കെ വീണ്ടെടുത്ത് വന്നിട്ട് നമുക്ക് പുള്ളിയെ കൊണ്ട് ചെയ്യിക്കാമെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. വിമര്‍ശനം രൂക്ഷമായതോടെ ഒ അബ്ദുള്ള മതനിയമ പോസ്റ്റ് മുക്കി.
നേരരെത്ത, ശബരിമലയില്‍ വഴിപാട് കഴിച്ചതിനെ അദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല.
പക്ഷേ മമ്മൂട്ടി പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.
പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലം അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഒ അബ്ദുല്ല വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്റെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യത്തിന് മറുപിടിയായാണ് മോഹന്‍ലാന്റെ പ്രതികരണം.
Read more
ശബരിമല ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.