"കുറേപ്പേർ എന്നോട് ചോദിക്കുന്നു എന്തിനാണ് പവർഗ്രിഡ് വിഷയത്തിൽ അഭിപ്രായം പറഞ്ഞത് എന്ന്": ഹരീഷ് വാസുദേവൻ

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

പവർഗ്രിഡും കുറേ ബാക്കിയും…

വ്യക്തിപരമായി പരിചയമുള്ള കുറേപ്പേർ എന്നോട് ചോദിക്കുന്നു എന്തിനാണ് പവർഗ്രിഡ് വിഷയത്തിൽ അഭിപ്രായം പറഞ്ഞത് എന്ന്. ചിലരെങ്കിലും ചോദിക്കുന്നു അബദ്ധം ആയില്ലേ എന്ന്. ഇവർക്ക് ഒക്കെയും ഇനിയും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ മരുപാട് പൊതുപോസ്റ്റ് ആകുന്നതാണ് നല്ലതെന്ന് തോന്നി.
(ഭക്തരോടല്ല, ജനാധിപത്യം മനസിലാകുന്നവരോടാണ്).

രാത്രി എല്ലാവരും ലൈറ്റ് ഓഫ് ചെയ്യാറില്ലേ?? ഭൗമദിനം ആചരിക്കാറില്ലേ?? അപ്പോളൊന്നുമില്ലാത്ത എന്തപകടം?? എന്നൊക്കെ ചോദിക്കുന്നവർക്കും പോസ്റ്റ് വായിക്കാം.

ഏപ്രിൽ 3 നു രാവിലെ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം നൽകുന്നു. അന്ന് രാത്രി എന്റെ ആശങ്ക, പ്രതിഷേധം എന്നിവ ഞാൻ വീഡിയോയിൽ പങ്കുവെച്ചു. (എഡിറ്റ് ചെയ്ത വീഡിയോയുടെ ഒരുഭാഗം ഒരുപാട് പ്രചരിച്ചു). മഹാരാഷ്ട്ര, UP വൈദ്യുത വകുപ്പുകൾ ആണ് കേന്ദ്രത്തെ ആദ്യമീ ആശങ്ക അറിയിച്ചത്. അത് അറിഞ്ഞശേഷം ഈ മേഖലയിൽ കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന പലരോടും സംസാരിച്ച ശേഷമാണ്, തൊഴിൽപരമായ കാരണങ്ങളാൽ അവർക്ക് പറയാൻ കഴിയാത്ത, എന്റേതല്ലാത്ത മേഖലയെപ്പറ്റി ഒരു ആശങ്ക ഞാൻ അന്നുരാത്രി പറഞ്ഞത്. എന്റെ വീഡിയോയിൽ പറഞ്ഞത് പ്രധാനമായും 3 കാര്യങ്ങളാണ്. (വീഡിയോ ലിങ്ക് കമന്റിൽ)

1.രാജ്യം പ്രധാനമന്ത്രിക്ക് കീഴിൽ ഒറ്റക്കെട്ടാണ്. ഐക്യത്തിന് കുറവില്ല. ആദ്യദിവസം പ്രതീകാത്മകമായി കൈ കൊട്ടിയത് പോലുള്ള സാഹചര്യമല്ല, പ്രതീകാത്മക പരിപാടികൾക്ക് അപ്പുറമുള്ള, രാജ്യം അറിയേണ്ട പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നത് ആകണം, വിജ്ഞാനം പകരുന്നത് ആകണം, ഇനി ഇടപെടൽ. അജ്ഞതയുടെ ഇരുട്ട് അകറ്റുന്നത് വിജ്ഞാനം വഴിയുള്ള വെളിച്ചം വീശിയാണ് എന്ന വൃന്ദഗ്രോവറിന്റെ വിമർശനം.

2.ഇൻഡ്യാക്കാർ എല്ലാവരും ഒറ്റക്കെട്ടായി ഒരേ സമയം ലൈറ്റ് ഓഫ് ചെയ്താൽ പവർഗ്രിഡിനു അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഗ്രിഡ് അപകടത്തിലായാൽ ആശുപത്രികളിൽ കിടക്കുന്ന രോഗികൾ വരെ മരിക്കും. ആ ക്രൈസിസ് മറികടക്കാൻ എഞ്ചിനീയർമാരും ആസ്പത്രികളുമൊക്കെ അധികഭാരം ചുമക്കണം. ഈ ക്രൈസിസിലേക്ക് ഈ ഘട്ടത്തിൽ അവരെ തള്ളിവിടുന്നത് ശരിയാണോ? അതിന്റെ ആവശ്യമുണ്ടോ?

3.ഇതൊക്കെ ആണെങ്കിലും ദീപം തെളിയിക്കുമ്പോൾ എല്ലാവരും ലൈറ്റ് മാത്രം ഓഫ് ചെയ്യണം, മറ്റെല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കണം. ഈയൊരു വരി കൂടി പ്രധാനമന്ത്രിക്ക് പ്രസംഗത്തിൽ പറയണമായിരുന്നു. പ്രത്യേകിച്ചും കൈകൊട്ടാൻ പറഞ്ഞപ്പോൾ കൂട്ടജാഥ നടത്തിയ കളക്ടർമാർ വരെ ഉള്ളപ്പോൾ.

ഈ ആശങ്ക പൂർണ്ണമായും ശരിയായിരുന്നുവെന്ന് പിറ്റേന്ന് രാവിലെ തെളിഞ്ഞു. പവർഗ്രിഡ് കോർപ്പറേഷൻ 3 നു തന്നെ ഹൈഅലർട്ട് പ്രഖ്യാപിച്ച രേഖ വന്നു. (കമന്റിൽ) ഗ്രിഡ് സേഫ് ആക്കാൻ കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും, 8 മണി മുതൽ തന്നെ പലയിടത്തും ലോഡ്ഷെഡിങ് നടത്തി വൈദ്യുതി ഓഫ് ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും, ഉത്പാദനം സാങ്കേതിക മിനിമത്തിലും കുറവാക്കണമെന്നും അടക്കം ഉത്തർപ്രദേശ് സർക്കാർ വിശദമായ ഉത്തരവിട്ടു. (ഉത്തരവ് കമന്റിൽ)

4 നു രാവിലെ കേന്ദ്രസർക്കാർ വൈദ്യുതവിതരണ ശ്രിംഖലയിലെ മുഴുവൻ പേരുടെയും അടിയന്തിര യോഗം വിളിച്ചു. ഗ്രിഡിന്റെ സുരക്ഷയും വിശ്വാസ്യതയും നിലനിർത്തുക എന്നതായിരുന്നു വിഷയം. (കത്ത് കമന്റിൽ)

അതേ തുടർന്ന്, കേന്ദ്ര ഊർജവകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് അയച്ചു. ലൈറ്റ് ഒഴികെ TV, ഫ്രിഡ്ജ്, AC തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കാമെന്നും സ്ട്രീറ്റ്ലൈറ്റ് കത്തിക്കാമെന്നും ഒക്കെ കത്തിൽ വിശദമാക്കി. (കത്ത് കമന്റിൽ).

4 നു വൈകിട്ട് കേന്ദ്രഊർജ്ജ സഹമന്ത്രിയുടെ പത്രക്കുറിപ്പും. വീടുകളിലെ ലൈറ്റ് മാത്രമേ ഓഫ് ചെയ്യാവൂ എന്ന്. മറ്റെല്ലാം പ്രവർത്തിപ്പിക്കണമെന്ന്. അതേ ഞാനും തലേന്ന് പറഞ്ഞുള്ളൂ.

എന്റെ കേസ് കഴിഞ്ഞു.

————————————————–

ഉത്തരേന്ത്യയിൽ സമാന സാഹചര്യത്തിൽ മുൻപ് ഗ്രിഡ് അപകടത്തിലായി മനുഷ്യർ ഒന്നടങ്കം ഇരുട്ടിലായിരുന്നു. ഇതു വാർത്തകൾ സഹിതം ഉദ്ധരിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്കും ആളുകളോട് മറ്റൊന്നും ഓഫ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.

ഗ്രിഡിലെ എഞ്ചിനീയർമാർ 5 ആം തീയതി രാത്രി 10 മണിവരെ അക്ഷീണം പണിയെടുത്തു. പലയിടങ്ങളിലും 8 മണിക്ക് തന്നെ പവർലൈൻ ഓഫ് ചെയ്തു. ആശങ്ക ആസ്ഥാനത്താണെന്നു KSEB കുറിപ്പ് ഇറക്കി. ഭൗമമണിക്കൂറിൽ 300 മെഗാവാട്ട് വരെ കുറയുന്ന കേരളത്തിൽപ്പോലും 600MW നു മേൽ കുറവ് വന്നു. രാജ്യത്ത് എല്ലാ വീടുകളിലും ലൈറ്റ് മാത്രം ഓഫ് ചെയ്താൽ 12,000 മുതൽ 14,000 വരെ മെഗാവാട്ട് കുറവേ ഉണ്ടാകൂ എന്ന കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലൊക്കെ തെറ്റിയെന്നും, 31,089 മെഗാവാട്ട് കുറഞ്ഞെന്നും സർക്കാർ സമ്മതിച്ചു. അതായത് പലരും ലൈറ്റ് മാത്രമല്ല ഓഫ് ചെയ്തതെന്ന്. 9 നും 9.10 നും റീഡിങ് എടുത്ത കേന്ദ്രം 9.05 ന്റെ റീഡിങ് എടുത്തില്ല എന്നതും ശ്രദ്ധേയം. (Status report കമന്റിൽ).

മോഡിജി ലൈറ്റ് മാത്രമല്ലേ ഓഫ് ചെയ്യാൻ പറഞ്ഞത്, പിന്നെന്തിന് മറ്റൊന്നും ഓഫ് ചെയ്യരുതെന്ന് പ്രത്യേകം പറയണം? എന്നോടുള്ള ആ ചോദ്യം ഊർജ്ജ വകുപ്പിലെ കേന്ദ്രമന്ത്രിയോട് ചോദിക്കണം. എന്നെപ്പോലെ ഒരുപാട് പേർ ആ ആശങ്ക പങ്കുവെച്ചപ്പോൾ, വാർത്തയായപ്പോൾ, ലൈറ്റ് മാത്രമാവില്ല പലരും ഓഫ് ചെയ്യുക എന്നു കണക്ക് കൂട്ടി അതിന്റെ ഇരട്ടി ഉപഭോഗം കുറഞ്ഞാലും നേരിടാൻ സജ്ജമാക്കി ഊർജവിതരണ ശ്രിംഖലയെ. അതുകൊണ്ട് 14,000 MW ന്റെ സ്ഥാനത്ത് 31,000 MW കുറഞ്ഞപ്പോഴും നേരിട്ടു. പടക്കം പൊട്ടിച്ചവരെയും പന്തം കത്തിച്ചു ജാഥ നടത്തിയവരെയും ഒക്കെ നമ്മൾ പിന്നീട് കണ്ടല്ലോ..

ആ ക്രൈസിസ് രാജ്യം ഭംഗിയായി മറികടന്നു. ആരാണാ ക്രൈസിസ് ഉണ്ടാക്കിയത്? എന്തിനായിരുന്നു ആ ക്രൈസിസ്? അതുകൊണ്ട് എന്ത് നേട്ടമാണ് ഈ അടിയന്തിര ഘട്ടത്തിൽ ഉണ്ടായത്? അപകടമുണ്ടാകാനുള്ള 1% ചാൻസ് ഉണ്ടായിരുന്നെങ്കിൽ എന്തിനാ റിസ്‌ക്ക് ഏറ്റെടുത്തു? ചോദ്യങ്ങൾ ബാക്കിയാണ്…

വെളിച്ചം കെടുത്തരുത് എന്നല്ല, PM ന്റെ ആഹ്വാനത്തിൽ പങ്കെടുക്കരുത് എന്നല്ല, ലൈറ്റ് മാത്രമേ ഓഫ് ചെയ്യാവൂ എന്നാണ് വീഡിയോയിൽ ഞാൻ പറഞ്ഞത്. ഗ്രിഡ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ആണ് നേരിട്ടത് എന്നു ഈ രേഖകൾ പറയുന്നു. കേരളത്തിൽ എങ്ങനെയാണ് KSEB അത് മറികടന്നതെന്ന് KSEB യുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റും പറയുന്നു.. (ലിങ്ക് കമന്റിൽ)

“തേങ്ങാ പൊട്ടിയപ്പോൾ ആരുടെ തലയാടോ പൊട്ടിത്തെറിച്ചത്” എന്നു ചോദിക്കുന്ന മിഥുനത്തിലെ ജഗതിയെപ്പോലെ ചിലർ തെറിവിളിയുമായി ഇറങ്ങിയിട്ടുണ്ട്. അവറ്റകളുടെ കരച്ചിൽ കേൾക്കുന്നതിലും വലിയ നേരംപോക്ക് ഈ ലോക്ക്ഡൗണിൽ ഇല്ല. (കിട്ടിയ നല്ല ട്രോളുകളിൽ ചിലത് കമന്റിൽ ഉണ്ട്. I enjoyed).

എന്നാൽ അതിൽ വീണുപോകുന്ന പാവങ്ങളുണ്ട്. എന്നോട് മെസഞ്ചറിൽ ചോദിക്കുന്നവരും. അവരോടാണ്,

വസ്തുതാപരമായി, യുക്തിസഹമായി എനിക്ക് ശരിയെന്നു തോന്നുന്ന എന്തും, സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കുന്നത് ആണെങ്കിൽ ഇനിയും പറയും. തെറ്റ് ആണെന്ന് ആരു ചൂണ്ടിക്കാണിച്ചാലും തിരുത്തും. പൗരന്മാരുടെ ആശങ്ക രാജ്യത്തെ അറിയിക്കുക, മെറിറ്റിൽ വിമർശിക്കുക എന്നത് ജനാധിപത്യത്തിൽ പൗരന്റെ കടമകൂടിയാണ്. ആശങ്ക മൂടിവെച്ചു രാജഭക്തി കാണിക്കുന്നത് ദേശദ്രോഹമാണ്. ജനാധിപത്യത്തിന്റെ അവസാനമാണത്. ഭക്തരോ നാലു സാമൂഹ്യവിരുദ്ധരോ എന്നെ തെറി വിളിച്ചാലൊന്നും എന്റെ പണി അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.

https://www.facebook.com/harish.vasudevan.18/posts/10158256436982640