എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപനം നടത്തും.

പരീക്ഷാ മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പൂര്‍ത്തീകരിച്ചു. ഏപ്രില്‍ 3 മുതല്‍ 26 വരെയായിരുന്നു് മൂല്യനിര്‍ണയം നടന്നത്. ഇതോടൊപ്പം ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിച്ചിരുന്നു. പറഞ്ഞിരുന്നതിലും ഒരു ദിവസം മുന്നെയാണ് ഈ പ്രാവശ്യം ഫലപ്രഖ്യാപനം.

4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,05,561 പേര്‍ പെണ്‍കുട്ടികളും 2,13,801 പേര്‍ ആണ്‍കുട്ടികളുമാണ്. മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും, എയ്ഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 369 സെന്ററുകളുമാണ് ഉണ്ടായിരുന്നത്.