ഗോഡ്സെയെ മഹത്വവത്കരിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴി ഇന്ന് എടുക്കും

ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അധ്യാപികയുടെ ചാത്തമംഗലത്തെ വീട്ടിൽ എത്തിയാകും ചോദ്യം ചെയ്യുക. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവൽക്കരിച്ച് ഫേസ്ബുക്കിലാണ് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്.

എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് എൻഐടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് എൻഐടി വ്യക്തമാക്കിയിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും വകുപ്പ് തലത്തിലുള്ള തുടർ നടപടികൾ. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്‌.