ഗോഡ്സേയുടെ പ്രസംഗം പൊലീസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ; ഉദ്യോഗസ്ഥന് താക്കീത്, അബദ്ധം പറ്റിയെന്ന് വിശദീകരണം

ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റു ചെയ്തത്.ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്.ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.

തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് രാധാകൃഷ്ണ പിള്ള അന്വേഷണത്തില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്ക് താക്കീത് നല്‍കിയത്. കേരള പൊലീസില്‍ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പിലെത്തിയിരിക്കുന്നത്.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് സി.പി.ഐ നേതാവ് ആനി രാജ ആരോപിച്ചിരുന്നു. വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ആനി രാജയുടെ പരാമർശം വഴിവെച്ചിരുന്നത്.