സപ്ലൈകോയില്‍ നിന്ന് സബ്‌സിഡി ഉത്പന്നങ്ങള്‍ ഇനി മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ പദ്ധതി

റേഷന്‍ കടകള്‍ക്ക് സമാനമായി സപ്ലൈകോയിലും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നു. ഇതേ തുടര്‍ന്ന് പൊതുവിതരണ വകുപ്പിന്റെ കൈവശമുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഡാറ്റ സപ്ലൈകോയ്ക്ക് കൈമാറാന്‍ തീരുമാനമായി. കാര്‍ഡ് ഉടമകളല്ലാത്തവര്‍ സബ്‌സിഡി സാധനങ്ങള്‍ അനിയന്ത്രിതമായി വാങ്ങുന്നത് തടയാനാണ് പുതിയ നീക്കം.

കാര്‍ഡ് ഉടമകളല്ലാത്തവര്‍ മറ്റുള്ളവരുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് സബ്‌സിഡി സാധനങ്ങള്‍ വാങ്ങി മറിച്ച് വില്‍ക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ സപ്ലൈകോ ഒരുങ്ങുന്നത്. എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിലവില്‍ സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ വില്‍ക്കുന്നത്.

Read more

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കോ അംഗങ്ങള്‍ക്കോ മാത്രമേ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകൂ. ഇതിനായി ഇ പോസ് യന്ത്രങ്ങള്‍ വാങ്ങി പദ്ധതി നടപ്പിലാക്കാനാണ് സപ്ലൈകോ ആലോചിക്കുന്നത്. ഇ പോസ് യന്ത്രങ്ങള്‍ നിലവില്‍ വരുന്നതോടെ സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടാകുമെന്നും അതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്‍ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.