മോഫിയ പര്‍വീണിന്റെ ആത്മഹത്യ; സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും

ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആലുവ സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്.പിക്ക് കൈമാറിയേക്കും.

അതിനിടെ ഒളിവില്‍ കഴിയുന്ന മോഫിയയുടെ ഭര്‍ത്താവിനും കുടുംബത്തിനുമായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ഭർതൃവീട്ടുകാർക്കും ആലുവ സി.ഐ സുധീറിനുമെതിരെ നടപടി ആവശ്യപ്പെടുന്ന മോഫിയയുടെ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ മോഫിയയുടെ ബന്ധുക്കളുടെ വിശദമായ മൊഴി ഇന്നും രേഖപ്പെടുത്തും.

സി.ഐക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. സി.ഐക്കെതിരെ നേരത്തെ മറ്റ് പരാതികളും ഉയര്‍ന്നിരുന്നു. ഉത്രക്കേസിൽ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്കു സ്ഥലം മാറ്റിയത്.

Read more

ഗാർഹിക പീഡനത്തെ തുടർന്നുള്ള പരാതിയിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണം ഉയർന്നതിന് പിന്നാലെ സി.ഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു.