ക്രിസ്മസ് ആഘോഷങ്ങള്‍ക്കും സപ്ലൈ ഇല്ലാതെ സപ്ലൈകോ; ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പോലും വിതരണക്കാരില്ല

ക്രിസ്മസ് ആഘോഷങ്ങള്‍ക്കും സപ്ലൈ നടത്താനാകാതെ സപ്ലൈകോ. ക്രിസ്മസ് വിപണി ലക്ഷ്യം വച്ച് സാധനങ്ങളെത്തിക്കാന്‍ സപ്ലൈകോ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്തത് ആകെ നാല് കമ്പനികള്‍ മാത്രമാണ്. പങ്കെടുത്ത നാല് കമ്പനികളും ടെന്‍ഡര്‍ നല്‍കിയതാകട്ടെ നാലിനം സബ്‌സിഡി ഇനങ്ങള്‍ക്ക് മാത്രം. നാലിനം സബ്‌സിഡി ഉത്പന്നങ്ങള്‍ക്കും ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്നത് മുന്‍കാല ടെന്‍ഡറുകളേക്കാള്‍ അധിക തുകയാണ്.

കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുക അംഗീകരിച്ചാല്‍ സപ്ലൈകോയ്ക്ക് ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സാധാരണയായി സപ്ലൈകോ ടെന്‍ഡറുകളില്‍ എണ്‍പത് കമ്പനികള്‍ വരെയാണ് പങ്കെടുക്കാറുള്ളത്. സബ്‌സിഡി ഇനങ്ങളില്‍ ചെറുപയറിന് മാത്രമാണ് നിലവില്‍ മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ജയ അരി, ഉഴുന്ന്, മുളക് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നത് മൂന്നില്‍ താഴെ കമ്പനികള്‍ മാത്രമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വലും, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗരേഖകളും അനുസരിച്ച് ടെന്‍ഡറുകള്‍ക്ക് അനുമതി നല്‍കാനാവില്ല. സപ്ലൈകോയ്ക്ക് നല്‍കിയ ടെന്‍ഡറില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക ഒടുവില്‍ നല്‍കിയ ടെന്‍ഡറിലെ തുകയേക്കാള്‍ കൂടുതലാണ്. ഉഴുന്നിന് അവസാനം നല്‍കിയ ടെന്‍ഡറിലെ തുക 120 രൂപ ആയിരുന്നത് ഇത്തവണ നല്‍കിയ ടെന്‍ഡറില്‍ രേഖപ്പെടുത്തിയതാവട്ടെ 125.36 രൂപ മുതല്‍ 126.36 രൂപ വരെയാണ്.

അവസാന തവണ 215 രൂപയ്ക്ക് കരാര്‍ നല്‍കിയ മുളകിന് ഇത്തവണ ക്വാട്ട് ചെയ്തിരിക്കുന്നത് 217.86 രൂപ മുതല്‍ 225.46 രൂപ വരെയാണ്. ഒടുവിലത്തെ തവണ 125 രൂപയ്ക്ക് കരാര്‍ നല്‍കിയ പയറിന് ഇത്തവണ 139.89 രൂപ മുതല്‍ 170 രൂപ വരെയാണ്. ടെന്‍ഡര്‍ അംഗീകരിച്ചാല്‍ സപ്ലൈകോയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാകും.