എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. അന്തിമ വാദം കേള്‍ക്കാനാണ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നത്. ജസിറ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് ലാവ്ലിന് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

കേസിൽ രണ്ട് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയും, വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണവ.

Read more

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.