സുരേഷ് ഗോപി പദയാത്ര നടത്തിയത് തൃശൂരില്‍ മത്സരിക്കാന്‍; ഇഡി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുന്നുവെന്ന് എസി മൊയ്തീന്‍

ഇഡി തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് മത്സരിക്കാന്‍ അരങ്ങൊരുക്കുന്നുവെന്ന് സിപിഎം എംഎല്‍എ എസി മൊയ്തീന്‍. സുരേഷ് ഗോപി കരുവന്നൂരിലേക്ക് പദയാത്ര നടത്തിയതും ഇതേ ലക്ഷ്യത്തോടെയാണെന്നും മൊയ്തീന്‍ പറഞ്ഞു. ഒരു സന്ദര്‍ഭം ലഭിച്ചപ്പോള്‍ തൃശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിന് കാരണമുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

താന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അമിത്ഷായുടെ മുന്നില്‍ നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ത്ഥിയായ ആള്‍ക്ക് വേണ്ടി അരങ്ങൊരുക്കുകയാണ് തൃശൂരില്‍. അതിനുവേണ്ടി ഇഡി തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. തങ്ങള്‍ക്കൊന്നും അതിലൊന്നും ആക്ഷേപമില്ലെന്നും എസി മൊയ്തീന്‍ അറിയിച്ചു.

Read more

ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നു. പണം തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കികൊണ്ടിരിക്കുകയാണ്. ആധാരങ്ങളൊക്കെ ഇഡി എടുത്തുകൊണ്ട് പോയി. ഇഡിയ്ക്ക് പരിശോധിക്കണമെങ്കില്‍ അതിന്റെ കോപ്പി പോരെ? സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളിപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഇതാണ് അവസ്ഥയെന്നും മൊയ്തീന്‍ പറഞ്ഞു.