'ശരീരത്തില്‍ ഇടിച്ച് കറുപ്പിച്ചിട്ട പാടുകള്‍, മുഴകള്‍, പൊലീസിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം', സുരേഷിന്റെ സഹോദരന്‍

തിരുവല്ലം കസ്റ്റഡി മരണത്തില്‍ സുരേഷ് ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് സഹോദരന്‍ സുഭാഷ്. സുരേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും ഇടിച്ച് കറപ്പിച്ചിട്ടിരുന്നു. പുറകില്‍ മുഴകള്‍ ഉണ്ടായിരുന്നു. പൊലീസ് ജീപ്പില്‍ കയറുമ്പോഴേ സുരേഷ് അവശനായിരുന്നു എന്ന് സുഭാഷ് പറഞ്ഞു.

മരിക്കുന്നതിന് മുമ്പ് സുരേഷിനെ കണ്ടിരുന്നു. സംഭവത്തില്‍ അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് സഹോദരന്‍ വ്യക്തമാക്കി.

അതേസമയം സുരേഷിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. മരണ കാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലേറ്റ ചതവുകളാകാം ഹൃദ്രോഗം വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ 12 ഇടത്ത് ചതവുകള്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലീസ് വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 28നായിരുന്നു തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി പ്രഭാകരന്റെയും സുധയുടെയും മകന്‍ സുരേഷ് (40) കസ്റ്റഡിയിലിരിക്കെ മരിച്ചത്. ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് കേസടുത്തത്. സ്റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ്് പൊലീസ് പറഞ്ഞത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമണ് മരണ കാരണം എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഹൃദയാഘാതം ഉണ്ടായതിന് പിന്നിലെ മറ്റ് കാരണങ്ങള്‍ വ്യക്തമായി പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

സംഭവത്തിന് പിന്നാലെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് എസ്.ഐ വിപിന്‍ , ഗ്രേഡ് എസ്.ഐമാരായ സജീവന്‍, വൈശാഖ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനാണ്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു മരണം എന്ന് വീട്ടുകാരും നാട്ടുകാരും ആദ്യം മുതല്‍ തന്നെ ആരോപിച്ചിരുന്നു.