പ്രകോപനം കൂടാതെ വളഞ്ഞിട്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ മര്‍ദ്ദനത്തില്‍ പൊലീസിനെതിരെ പരാതി നല്‍കി അബിന്‍ വര്‍ക്കി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് അബിന്‍ വര്‍ക്കി പരാതി നല്‍കിയത്.

പൊലീസിന്റെ മര്‍ദ്ദനം എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിന്റെ വിരോധം മാത്രമായിരുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും അബിന്‍ വര്‍ക്കി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ കന്റോണ്‍മെന്റ് എസ്‌ഐയ്‌ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.