അതിജീവിതയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് . എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പരാതിക്കാരിയുടെ പേര് സോഷ്യല്‍മീഡിയ വഴിയും ചാനല്‍ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തിയെന്നാണ് കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയാണെന്ന് അറിയാതെയാണ് പേര് പറഞ്ഞതെന്നാണ് അനിത പുല്ലയില്‍ പറയുന്നത്. മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു.

മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പേരാണ് മോന്‍സണിന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐപിസി 228 എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിട്ടുള്ളത്.മോന്‍സണ്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമായിരുന്നു പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍.

Read more

നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും യുവതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സണ്‍ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു