ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേഷനെയാണ് മേയർ സസ്പെൻഡ് ചെയ്തത്. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയയായിരുന്നു ഗണേഷിന് ഉണ്ടായിരുന്നത്. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്.

കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു.

Read more