RR VS GT: ഗില്ല് പോയാലെന്താ, ഗുജറാത്തിന് രക്ഷകനായി ഇവനുണ്ട്, രാജസ്ഥാനെതിരെ കത്തിക്കയറി താരം, മിസ്റ്റര്‍ കണ്‍സിസ്റ്റന്റിന് കയ്യടിച്ച് ആരാധകര്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ രാജസ്ഥാന്‍ ടീം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും സായി സുദര്‍ശന്റെ ബാറ്റിങ്ങില്‍ മുന്നേറുകയാണ് ഗുജറാത്ത്. അര്‍ധസെഞ്ച്വറി നേടിയ സായിയുടെ മികവില്‍ 10 ഓവര്‍ കഴിയുമ്പോള്‍ 94 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ് ഗുജറാത്ത്. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്‌ലര്‍ സായിക്ക് മികച്ച പിന്തുണ നല്‍കി.

36 റണ്‍സെടുത്ത് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കിയ ശേഷമാണ് ബട്‌ലറുടെ പുറത്താവല്‍. അതേസമയം ടൂര്‍ണമെന്റിലുടനീളം സ്ഥിരതയുളള ബാറ്റിങ് പ്രകടനമാണ് സായി സുദര്‍ശന്‍ കാഴ്ചവയ്ക്കുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി ഇതുവരെ 240 റണ്‍സിലധികമാണ് ഗുജറാത്ത് താരം നേടിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി നാല് അര്‍ധസെഞ്ച്വറികളാണ് സായി ഇതുവരെ നേടിയിരിക്കുന്നത്.മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന പദത്തിന് തികച്ചും അനുയോജ്യനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് താരം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ ഗുജറാത്ത്- രാജസ്ഥാന്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച രാജസ്ഥാന്‍ ടീമിന് ഈ കളിയും നിര്‍ണായകമാണ്, ഇനിയുളള എല്ലാ കളികളിലും വിജയമുറപ്പാക്കിയാലേ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കഴിയുളളൂ. നിലവില്‍ പോയിന്റ് ടേബിളില്‍ താഴെയാണ് രാജസ്ഥാന്‍. നാല് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് അവര്‍ക്കുളളത്.