പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്. ജാമ്യഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് സൂരജ് പ്രതികരിച്ചു. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സൂരജ് പറഞ്ഞു.
അതേസമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്നാണ് വിജിലൻസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിന്‍റെ തുടർവാദവും ഇന്ന് കോടതിയിൽ നടക്കും. അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്ന മറ്റ് പ്രതികൾ.
പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
Read more
പാലത്തിന്‍റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.