കേരളത്തിലേത് അഴിമതി സര്‍ക്കാര്‍; പിണറായിയും കെസിആറും ഒരുപോലെ; ഇരുവരെയും തിരിച്ചറിയണം; ആഞ്ഞടിച്ച് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലുങ്കാനയില്‍ ഉണ്ടായിരുന്ന കെസിആര്‍ സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും അഴിമതിയില്‍ ഒരു പോലെയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി തെലുങ്കാനയില്‍ വന്നത് ഏങ്ങനെ അഴിമതി നടത്താമെന്ന് പഠിക്കാനാണ്.
ബിജെപിക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്ന ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മൂന്നാം മുന്നണി എന്ന അഴിമതി കൂട്ടായ്മ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് പിണറായിയും കെസിആറും. ഇവരെ തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമരാഗ്നി യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കേരളത്തില്‍ മോദിയുടെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കേരളത്തില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം പാര്‍ലമെന്റില്‍ മോദിയെ ഫലപ്രദമായി നേരിട്ടത് കേരളത്തിലെ എംപിമാരാണെന്നും അവര്‍ക്കൊപ്പം താനും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തണമെന്നദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ തുറന്നു വിമര്‍ശിച്ച സച്ചിന്‍ പൈലറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്നതായി കുറ്റപ്പെടുത്തി. നീതിന്യായ വ്യവസ്ഥ തന്നെ വെല്ലുവിളി നേരിടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കുറ്റപ്പെടുത്തി. പൂക്കോട്ടെ എസ്എഫ്‌ഐ അതിക്രമത്തെയും ദീപ ദാസ് മുന്‍ഷി രൂക്ഷമായി വിമര്‍ശിച്ചു.