സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുകയാണ്. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് രാത്രികാലങ്ങളില്‍ പോലും കൊടും ചൂട് അനുഭവപ്പെടാന്‍ കാരണം.
2016ലാണ് സംസ്ഥാനത്ത് കൊടും ചൂട് അനുഭവിക്കേണ്ടി വന്നത്. പലയിടങ്ങളിലും അന്ന് 41 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില. 2016 മുതല്‍ സൂര്യാഘാതവും ഒരു നിത്യസംഭവമായി മാറി. ഇന്ന് ചൂട് 37 ഡിഗ്രിയില്‍ നില്‍ക്കുമ്പോഴും ചൂടിന് ശമനമൊന്നുമുണ്ടായിട്ടില്ല. ഉത്തരേന്ത്യയില്‍ നിലവില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയരുകയാണെങ്കില്‍ മാത്രം ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകുകയുള്ളൂ. ഇടയ്ക്കിടയ്ക്കായി ലഭിച്ചു കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് സംസ്ഥാനത്തെ ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷിച്ചത്.
Read more
രാജ്യത്തെ ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് കേരളത്തിലേത്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥ തീവ്രമായ മാറ്റങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തുന്നത്. നൂറു വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ ശരാശരി ചൂട് 1.67 ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി പരിസ്ഥിതി കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.