'ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു, മറ്റൊരു കുട്ടിയെ അടിക്കാന്‍ നോക്കി'; തലശ്ശേരി സംഭവത്തില്‍ കുട്ടിക്കെതിരെ കാറിലുണ്ടായിരുന്നവര്‍

കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്ന് സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ മാതാവ് പറഞ്ഞു.

രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും, തങ്ങള്‍ ഭയന്നു പോയെന്നുമാണ് ഇവരുടെ വാദം. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

ഈ സമയമാണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചു. അതേസമയം യുവാവിന്റെ ചവിട്ടേറ്റ ആറുവയസുകാരനെ മറ്റൊരാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്.

കാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ ഇത്തരത്തില്‍ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍. ശിഹ്ഷാദ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Read more

കുട്ടിയെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് മറ്റൊരാളും കുട്ടിയെ ആക്രമിച്ചതായി കണ്ടെത്തിയത്.