കേരളത്തെ നടുക്കിക്കൊണ്ടാണ് താനൂരിനെ ബോട്ടപകടത്തിന്റെ വാർത്ത പുറത്തുവന്നത്. 22 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിലെ ദൂരൂഹതയും, മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് യാത്രയും ചർച്ചകളിൽ നിറയുമ്പോൾ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഒരു കുടുംബത്തിലെ 11 പേരുടെ വേർപാട്.
പരപ്പനങ്ങാടി സ്വദേശി സെയ്തലവിയുടെ കരച്ചിൽ കണ്ടു നിൽക്കുവാൻ പോലുമാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പുതിയ വീടിനായി പണിത തറയിൽ വീട്ടിലെ 11 പേരുടെ ജീവനറ്റ ശരീരം വച്ച് അന്ത്യയാത്ര ചൊല്ലേണ്ടിവന്നു സെയ്തലവിക്ക്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തു ചേർന്ന കുടുംബത്തിലെ പതിനൊന്നു പേരാണ് ഒന്നിച്ച് ബോട്ടപകടത്തിലൂടെ ഇല്ലാതായത്.
വിവിരമറിഞ്ഞ് ഓടിയെത്തിയ ആ ഗൃഹനാഥൻ കണ്ടത് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്ന സ്വന്തം മകളുടെ മൃതദേഹമാണ്.
ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഭൂമിയിൽ ഇല്ല എന്ന യാഥാർഥ്യത്തെ വേദനയോടെ നോക്കുകയാണ് സെയ്തലവി. പൊളിഞ്ഞ് വീഴാറായ കുഞ്ഞുവീടിനടുത്ത് പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. പുത്തൻ വീടിന് ഇട്ട തറയിലാണ് ഇന്ന് 11 മൃതദേഹങ്ങൾ കിടത്തിയത്. പരപ്പനങ്ങാടിയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹങ്ങളിൽ ആദരാഞ്ചലികൾ അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരുന്നു.
Read more
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്.