പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം റദ്ദാക്കിയ താഹ ഫസൽ കോടതിയിൽ കീഴടങ്ങി. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിലേക്ക് താഹയെ എത്തിച്ചു. താഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താഹ കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കീഴടങ്ങുന്നതിന് മുമ്പായി താഹ ഫസൽ മാധ്യമങ്ങളോട് പറഞ്ഞു.
യുഎപിഎ നിയമങ്ങൾ അനാവശ്യമായി ചുമത്തിയതിൻ്റെ ഇരയാണ് താൻ. ഇത്തരം നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ അപ്പീലുമായി സമീപിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിലും പങ്കാളിയല്ല. തൻ്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും ത്വാഹ പറഞ്ഞു.
കൂട്ടുപ്രതിയായ അലൻ ശുഹൈബിന്‍റെ ജാമ്യം തുടരും. താഹ ഉടൻ കോടതിയിൽ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എൻ.ഐ.എയുടെ അപ്പീലിലാണ് കോടതി ജാമ്യം റദ്ദാക്കിയത്. അതേസമയം വക്കീലുമായി ആലോചിച്ച ശേഷം നിയമപോരാട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് താഹ പറഞ്ഞു.
Read more
2019 നവംബര്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട് പെരുമണ്ണ പാറമ്മൽ അങ്ങാടിക്കടുത്തു നിന്ന് വിദ്യാർത്ഥികളായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മാവോവാദി അനുകൂല ലഘുലേഖ പിടിച്ചെടുത്തെന്നും വീട്ടിൽ നിന്ന് ലഘുലേഖ, പുസ്തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയത്.