കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവം; തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും : കെ.വി തോമസ്

സംസ്ഥാനത്തെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമാണെന്ന് കെ വി തോമസ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ ജനാധിപത്യം തകരുകയാണ്. ഏകാധിപത്യത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്ന കാര്യം ചൊവ്വാഴ്ച അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഐസിസി അംഗമായിരുന്നിട്ട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു കാര്യവും പാര്‍ട്ടി തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. തൃക്കാക്കരയില്‍ പ്രചരണത്തിന് ഇറങ്ങാന്‍ യുഡിഎഫ് ക്ഷണം നല്‍കിയിട്ടില്ലെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. താന്‍ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്. രാഷ്ട്രീയവും വ്യക്തിബന്ധവും രണ്ടാണെന്നും താന്‍ ആര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്ന് മെയ് 10ന് അറിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് അറിയിക്കുമെന്നും കെ വി തോമസ് വ്.ക്തമാക്കി.