കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസില്‍ നിരപരാധിയാണെന്ന കെ സുരേന്ദ്രന്റെ വാദം തീര്‍ത്തും തെറ്റാണെന്നും വിഡി സതീശന്‍ പറഞ്ഞു. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം സംസ്ഥാനത്ത് എത്തിച്ചെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണം സംസ്ഥാനത്ത് എത്തിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഇതിന് നിര്‍ദ്ദേശം നല്‍കിയത് കെ സുരേന്ദ്രനാണെന്ന് പൊലീസിന്റെ ആദ്യ അന്വേഷണത്തില്‍ വ്യക്തമായതായും സതീശന്‍ ആരോപിച്ചു. എന്നാല്‍ കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുക്കാന്‍ തയ്യാറാകാതിരുന്നത് തന്നെ വിസ്മയിപ്പിച്ചെന്നും സതീശന്‍ പറഞ്ഞു.

ഏത് ആരോപണം വന്നാലും അതിന് പിറകേ പായുന്ന ഇഡി വിഷയത്തില്‍ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറായില്ല. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് പൊലീസിന് കള്ളപ്പണ ഇടപാടിനെ കുറിച്ച് ധാരണയുണ്ടായിരുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി അന്വേഷണം പ്രഹസനമായെന്നും സതീശന്‍ ആരോപിച്ചു.