കുട്ടിയെ ചവിട്ടിയ സംഭവം; പൊലീസിന് വീഴ്ച്ച

കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നതിന് പൊലീസിന് വീഴ്ചയുണ്ടായെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

തലശ്ശേരി സി ഐ എം അനിലിനും ഗ്രേഡ് എസ് ഐമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്‌സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന്‍ കാറിന് സൈഡില്‍ ചാരിനിന്നു.

ഇത് കണ്ടുവന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടി്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.

സംഭവത്തില്‍ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്‌സാക്ഷികളില്‍ ചിലര്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്‌നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. . സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടിയ്ക്ക് പൊലീസ് തയ്യാറായത്.

Read more

പ്രതിയെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കേസിന്റെ അന്വേഷണം എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തിരുന്നു.സംഭവദിവസം രാത്രി കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ആദ്യഘട്ടത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം.