ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വന്ന മാറ്റം വളരെ വലുതാണ് എന്ന് തെളിയിക്കുന്ന സൂചിക കൂടിയാണിത്. പറന്നിറങ്ങുന്ന ബിസിനസ് ജറ്റുകളും ഉയര്‍ന്നുവരുന്ന ബിസിനസ് ക്ലാസ് ഹോട്ടലുകളും പോസിറ്റീവായ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നില്ലെങ്കിലും ഈ ഹോട്ടലുകള്‍ക്ക് മുന്നിലൊരു നിസാര പ്രശ്‌നം നടക്കുകയാണെങ്കില്‍ കേരളം നിക്ഷേപസൗഹൃദമല്ല എന്ന തലക്കെട്ടില്‍ എന്തുമാത്രം ചര്‍ച്ചകള്‍ നടന്നേനെയെന്നും അദേഹം ചോദിച്ചു.
അതേസമയം, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്‌ന പരിഹാരവും ഉറപ്പാക്കാനുമാണു സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ മേഖലാതല അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങള്‍ തുടര്‍ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി 26നു ചേര്‍ന്ന തിരുവനന്തപുരം മേഖലാതല അവലോകന യോഗം വിജയകരമായിരുന്നെന്നും തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ മേഖലാതല അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുത്താണു മേഖലാതല അവലോകനം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരള മിഷന്‍ എന്നീ മിഷനുകള്‍, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍, കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് യോഗങ്ങളില്‍ പൊതുവായി അവലോകനം ചെയ്തു തീരുമാനങ്ങളിലെത്തുന്നത്. ജില്ലയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്‌നങ്ങളും പരിഗണനാ വിഷയമാണ്.
Read more
വികസനവുമായി ബന്ധപ്പെട്ടു ജില്ലകളില്‍ തടസപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചര്‍ച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാതെ തടസപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകള്‍ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി ഗാരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ഭരണാനുമതി കിട്ടാനുള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളില്‍ കണ്ടെത്തിയ, 265 വിഷയങ്ങളില്‍ 241 എണ്ണം ജില്ലാതലത്തില്‍ തന്നെ പരിഹാരം കണ്ടു. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്. ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളില്‍ പ്രശ്‌ന പരിഹാരത്തില്‍ കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തില്‍ പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ സമാനമായ പ്രക്രിയകള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്‌ന പരിഹാരം വേഗത്തിലാക്കാന്‍ നല്ല തോതില്‍ സഹായിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.