സണ്ണിലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോയില്‍ തലേന്ന് അടിപൊട്ടി; നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ചേരിതിരിഞ്ഞ് സംഘര്‍ഷം; പൊലീസ് ഷോ നിര്‍ത്തിവയ്പ്പിച്ചു

സണ്ണിലിയോണ്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ ഫാഷന്‍ ഷോയില്‍ സംഘര്‍ഷം. കോഴിക്കോട് സരോവരം കാലിക്കട്ട് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പങ്കെടുക്കാന്‍ എത്തിയവരും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് എത്തി ഷോ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

സംഘാടകര്‍ നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്നതായിരുന്നു പ്രധാന പരാതി. കൂടാതെ കുട്ടികള്‍ക്ക് റാംപ് വാക്കിന് അവസരം നല്‍കിയതുമില്ല. ഇതായിരുന്നു ഷോയില്‍ പങ്കെടുക്കാനെത്തിയവരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ ബൗണ്‍സര്‍മാര്‍ തടയാന്‍ ശ്രമിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സംഘര്‍ഷം ശക്തമായതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇടപെട്ട് ഫാഷന്‍ ഷോ നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.

ഫാഷന്‍ റേയ്‌സ്-വിന്‍ യുവര്‍ പാഷന്‍ എന്ന പേരില്‍ ഡിസൈന്‍ ഷോയും, ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്‌സ് എന്ന പേരിലുമായിരുന്നു മൂന്നു ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ രണ്ടാം ദിവസമായിരുന്നു ഇന്നലെ. ആദ്യ ദിനം മുതലേ സംഘാടനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുതായി മത്സരാര്‍ത്ഥികള്‍ പറയുന്നു. ഏപ്രില്‍ മാസം മുതല്‍ തന്നെ പരിപാടിയ്ക്ക് വലിയ പ്രചാരണം നടത്തിയിരുന്നു. ഫാഷന്‍ രംഗത്ത് മുന്‍ പരിചയമില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണം.

Read more

പങ്കെടുക്കുന്ന ഒരാള്‍ക്ക് 6,000 രൂപ ചിലവ് വരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ പണം മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു നിബന്ധന. മത്സരത്തിനാവശ്യമായ വസ്ത്രങ്ങള്‍ക്ക് പുറമേ പ്രമുഖ ചലച്ചിത്ര താരങ്ങളും ഫാഷന്‍ വിദഗ്ധരും കാറ്റ് വാക്ക് പരിശീലനം നല്‍കുമെന്നും സംഘാടകര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളില്‍ പലതും നടപ്പായില്ലെന്നാണ് പങ്കെടുക്കാനെത്തിയവരുടെ പരാതി.