വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഡിവിഷന്‍ ബെഞ്ച് സമാന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറുപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം താന്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടിആര്‍ രവി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചിലേക്ക് വിടാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജി രജിസ്ട്രാര്‍ക്ക് കൈമാറി. ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്.

എന്നാല്‍ തറവില കണക്കാക്കിയാല്‍ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയില്‍ ഉന്നയിക്കുന്ന വാദം. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

കോടതിവിധി പ്രകാരം 64 ഹെക്ടര്‍ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് സര്‍ക്കാര്‍ കടന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.