ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സന്ദീപിന് ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കണമെന്ന് തോന്നിയാല്‍ കെപിസിസി പ്രസിഡന്റ് കൂടെയുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദീപ് ബിജെപിയെ ആണോ ഉപേക്ഷിച്ചത് അതോ ബിജെപിയുടെ രാഷ്ട്രീയത്തെയാണോ എന്നും മന്ത്രി ചോദിച്ചു.

സന്ദീപ് മത വര്‍ഗീയത ഉപേക്ഷിച്ചാല്‍ സന്തോഷം. പഴയ ഓര്‍മ്മയിലാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നതെന്നും റിയാസ് വ്യക്തമാക്കി.

Read more

ബിജെപിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സിഡികള്‍ ഇവിടെയും ഉപയോഗിക്കാം. മാറ്റം ഉണ്ടാവില്ല. ബിജെപിയിലായിരിക്കെ പല വിഷയങ്ങളിലും മൗനം പാലിച്ചതുപോലെ കോണ്‍ഗ്രസിലും മൗനം തുടരാമെന്നും മന്ത്രി പരിഹസിച്ചു. ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.