സമരക്കാര്‍ വെറുതെ വെയിലത്തും മഴയത്തും നില്‍ക്കുന്നു; പരിഹസിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍

സമരം ചെയ്യുന്നവരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയാണ്. ഇത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആലുവയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കെഎസ്ഇബിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേത്. ഇതൊരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂവെന്നും കെഎസ്ഇബിയുടെ മൗലിക സ്വഭാവം ബലികഴിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡും അസോസിയേഷനുകളും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയമായിരുന്നു. എന്നാല്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ അവരെ സീതത്തോട്ടിലേക്ക് സ്ഥലം മാറ്റി. ഇതിന് പുറമെ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും സ്ഥലം മാറ്റി. ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെ പ്രമോഷന്‍ തടയുകയും ചെയ്തു.

Read more

അതേ സമയം ചെയര്‍മാന്റെ ഏകാധിപത്യമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സ്ഥലംമാറ്റ നടപടികള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.