'സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ല'; ഗവര്‍ണറുടെ നടപടിയില്‍ നിലപാട് കടുപ്പിച്ച് എസ്എഫ്‌ഐ, പ്രതിഷേധം ശക്തം

കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലെ ഗവര്‍ണറുടെ നടപടിക്കെതിരെ എസ്എഫ്‌ഐ. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകള്‍ ഗവര്‍ണര്‍ തള്ളിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാര്‍ഥി ആയിഷ ഫിദയെയും മാത്രമാണ് സിന്‍ഡിക്കേറ്റ് പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. പകരം ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് ആര്‍എസ്എസ് – കോണ്‍ഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മാനദണ്ഡം മറികടന്ന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിഭാഗത്തില്‍ ഗവര്‍ണര്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ ശുപാര്‍ശ ചെയ്തതായും എസ്എഫ്‌ഐ ആരോപിക്കുന്നു.

വിഷയത്തില്‍ ഇടത് അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചതായി എസ്എഫ്‌ഐ പറഞ്ഞു. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.