വയനാട് വാകേരിയില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധന ഫലം. എട്ട് സെന്റിമീറ്ററോളം ആഴമുള്ളതാണ് മുറിവെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വാകേരിയില്‍ കൂട്ടിലകപ്പെട്ട കടുവ നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ്.
ഉള്‍വനത്തില്‍ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുറിവേറ്റതാകാമെന്നാണ് നിഗമനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചികിത്സാര്‍ത്ഥം കടുവയെ മയക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് ശസ്ത്രക്രിയ നടക്കും. പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതകളുള്ളതായി സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
Read more
ഇന്നലെയാണ് 13 വയസ് പ്രായമുള്ള കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. കടുവയെ 40 മുതല്‍ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറന്റൈനില്‍ നിര്‍ത്തും. പിടിയിലായ കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു.