തലയ്ക്ക് മുകളിലിരുന്ന് എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടിച്ച് പണം പിടിച്ചെടുക്കില്ല; പണിയെടുക്കല്‍ നാലിലൊന്നായി കുറഞ്ഞു; ഇതാണ് കാരണം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ജോലി നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ് ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

എന്നാല്‍, ഇപ്പോള്‍100 കുറ്റം കണ്ടെത്തുമ്പോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണം എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതിയുടെ താളം തെറ്റി. കേസ് ഇപ്പോളും ഹൈക്കോടതിയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാരായ വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ എതിര്‍ത്തിരുന്നു. ഇതോടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി.

232 കോടി രൂപ മുടക്കി പലയിടത്തം സ്ഥാപിച്ച ക്യാമറകള്‍ ഇതിനകം കേടായിട്ടുണ്ട്. എന്നാല്‍, കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി രൂപയാണ്.

Read more

ഇതു നല്‍കാതായതോടെ പണമില്ലാത്തിനാല്‍ ചെല്ലാന്‍ അയയ്ക്കുന്നത് കുറച്ചു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 10,000ല്‍ താഴെയാണ് അയക്കുന്നത്. ജീവനക്കാരെയും കെല്‍ട്രോണ്‍ കുറച്ചതാണ് പ്രധാനമായും പദ്ധതിയെ താളം തെറ്റിച്ചിരിക്കുന്നത്.