ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനം; വയനാട്ടിൽ ഇന്ന് ഹർത്താൽ, സ്‌കൂളുകൾക്ക് അവധി

വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്ത ബേലൂർ മഖ്ന എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്.

സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുംകികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങൾ. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു.

ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാൽ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

Read more

വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.