വീണ ചേച്ചി..., കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീ; ഈ സ്ത്രീയ്ക്കും നീതി വേണ്ടേ; മുഖ്യമന്ത്രിയുടെ മകള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പിന്തുണയുമായി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിതിന് പിന്നാലെയാണ് സാമൂഹ്യമാധ്യത്തിലൂടെ ആര്യ പിന്തുണ അറിയിച്ചിരിക്കുന്നത്.

”വീണ ചേച്ചി… ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവര്‍ ആക്രമിക്കപ്പെട്ടു.

യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോള്‍ ഐക്യദാര്‍ഢ്യപ്പെടാന്‍ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാര്‍ഢ്യപ്പെട്ടാല്‍,പിന്തുണച്ചാല്‍,അനുകമ്പ കാണിച്ചാല്‍,പരിഹസിക്കപ്പെടുമെന്ന ഭയത്താല്‍ പലരും പ്രതികരിച്ചുമില്ല. വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ” യെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

വീണക്കെതിരെയുള്ള സംശയംമാത്രമാണ് പരാതിയിലുള്ളത്. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. സംശയത്തിന്റെപേരില്‍ അഴിമതിനിരോധനനിയമപ്രകാരം അനാവശ്യമായുള്ള അന്വേഷണം പൊതുസേവകരുടെ കരിയറിനും പ്രശസ്തിക്കും കളങ്കമാകുമെന്ന് ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് കെ. ബാബു പറഞ്ഞു.

തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണ ആവശ്യം ഉന്നയിച്ച് പുതിയ പരാതിനല്‍കാന്‍ ഉത്തരവ് തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണമാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കളമശ്ശേരി സ്വദേശി ഗിരിഷ് ബാബുവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു പിന്നീട് മരിച്ചു. വിജിലന്‍സ് അന്വേഷണാവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെതിരേയായിരുന്നു കുഴല്‍നാടന്റെ ഹര്‍ജി. മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരേയായിരുന്നു ഗിരീഷ് ബാബുവിന്റെ ഹര്‍ജി.

കുഴല്‍നാടന്റെ പരാതി രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന വിജിലന്‍സ് കോടതിയുടെ അഭിപ്രായം അനാവശ്യമായിരുന്നുവെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

2017-18 മുതല്‍ 2019-20 വരെയുള്ളകാലത്ത് സിഎംആര്‍എല്‍ എക്സാലോജിക് കമ്പനിക്കും വീണയ്ക്കുമായി 1.72 കോടി നല്‍കിയത് മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.