തിരുവനന്തപുരം മെട്രോ ഇനിയും വൈകും; അലൈന്‍മെന്റില്‍ വീണ്ടും മാറ്റങ്ങള്‍; പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവ

കൊച്ചി മെട്രോ റെയിലിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വൈകും. നിലവിലെ മെട്രോ റൂട്ടില്‍ മാറ്റങ്ങള്‍ വരുത്തി അലൈന്‍മെന്റ് പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ പള്ളിപ്പുറം ടെക്‌നോസിറ്റിയ്ക്ക് സമീപം ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന അലൈന്‍മെന്റിലാണ് മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍ പള്ളിപ്പുറം മുതല്‍ കഴക്കൂട്ടം വരെയുള്ള മെട്രോ പാത ദേശീയപാതയിലൂടെ കടന്നുപോകണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി ദേശീയ പാതയില്‍ പില്ലറുകള്‍ നിര്‍മ്മിക്കണം. എന്നാല്‍ നിലവില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പില്ലറുകള്‍ സ്ഥാപിക്കാന്‍ ദേശീയ പാത കുഴിക്കുന്നതിന് ദേശീയപാത അതോറിറ്റി അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്. അലൈന്‍മെന്റ് മാറ്റത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്നും ഇതാണെന്നാണ് വിലയിരുത്തല്‍.

ഇതോടെയാണ് പള്ളിപ്പുറത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന ടെര്‍മിനല്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. ഇതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ സാധ്യത പഠനത്തിന് നിയോഗിച്ചിട്ടുണ്ട്. പുതിയ പാതയുടെ സാധ്യത പഠനം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

Read more

ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാണ് മെട്രോയുടെ ആദ്യ ഘട്ടമായി പരിഗണനയിലുള്ളത്. എന്നാല്‍ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി ടെക്‌നോപാര്‍ക്കിന് സമീപം ആവശ്യമായ സ്ഥലം ഏറ്റെടുക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.