ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി(കേരള കോൺഗ്രസ്- എം) തോമസ് ചാഴികാടൻ. ഇന്നത്തെ ഒട്ടുമിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിന്റെയും പരസ്യങ്ങളുണ്ട്. അതേസമയം ഇത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.
അഡ്വക്കറ്റ് ഫ്രാൻസിസ് കെ ജോർജ് യുഡിഎഫ് മുന്നണി സ്ഥാനാർഥിയെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോൾ എൽഡിഎഫ് ഒരു പടികൂടി കടന്ന് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നാണ് എൽഡിഎഫ് അഭ്യർത്ഥിക്കുന്നത്. ഇന്ഡ്യ മുന്നണി സ്ഥാനാർത്ഥി യുഡിഎഫിന്റെ ഫ്രാൻസിസ് ജോർജ് ആണോ എൽഡിഎഫിന്റെ തോമസ് ചാഴികാടനാണോ എന്ന് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് യുഡിഎഫിന്റെ ആശങ്ക.
അതേസമയം രാഹുൽ ഗാന്ധി കോട്ടയത്ത് പ്രചാരണത്തിന് എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞു വോട്ട് ചോദിച്ചില്ലെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. രാഹുൽ വോട്ട് ചോദിച്ചത് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്നും സിപിഐഎമ്മും കേരള കോൺഗ്രസ് മാണി വിഭാഗവും പറഞ്ഞിരുന്നു.
Read more
ലോക്സഭാ തിരഞ്ഞെടുപ്പിന് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാർട്ടി ചെയർമാൻ ജോസ് കെ.മാണിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ നേരത്തെ എൽഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു.