കള്ളവോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും: മുഹമ്മദ് ഷിയാസ്

തൃക്കാക്കരയില്‍ കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് ഒരാള്‍ പിടിയിലായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ള വോട്ടിനു സാധ്യത ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പരാജയ ഭീതി ആണെന്ന് പറഞ്ഞു പരിഹസിച്ച സിപിഎമ്മുകാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകള്‍ കാണിക്കുമെന്ന് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമെന്ന് മുഹമ്മദ് ഷിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തൃക്കാക്കരയുടെ ജനവിധിയെ അപമാനിക്കുന്ന ഇത്തരം നെറികേടുകള്‍ക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കും. കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയില്‍ നേരിടാനും തന്നെയാണ് തീരുമാനം. കള്ളവോട്ടിനു സഹായിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കള്ള വോട്ടിനു സാധ്യത ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പരാജയ ഭീതി ആണെന്ന് പറഞ്ഞു പരിഹസിച്ച സിപിഎമ്മുകാരോടാണ്… പരാജയം ഉറപ്പിച്ച നിങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകള്‍ കാണിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാം. കള്ളവോട്ടിനെതിരെ പരാതി ഒക്കെ നല്‍കി ഷോ കാണിച്ച എം സ്വരാജ് മറുപടി പറയണം.

തൃക്കാക്കരയ്ക്ക് പുറത്ത് നിന്നും DYFI ക്കാരെ എത്തിച്ചു കള്ളവോട്ട് ചെയ്യിക്കാന്‍ ട്രെയിനിങ് നല്‍കിയത് എം സ്വരാജ് തന്നെയാകാനാണ് ചാന്‍സ്. DYFI പാമ്പാക്കുട മേഖല കമ്മിറ്റി സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ആല്‍ബിനെ കള്ളവോട്ട് ചെയ്യാന്‍ തൃക്കാക്കരയില്‍ ഇറക്കിയതിന് സ്വരാജ് എത്ര പണം കൊടുത്തു? ഇനിയും എത്ര ആല്‍ബിന്മാര്‍ ഇവിടെ കള്ളവോട്ട് ചെയ്യാന്‍ വന്നിട്ടുണ്ട്?

മാന്യമായി തെരെഞ്ഞെടുപ്പിനെ നേരിടാന്‍ പണ്ടേ പഠിച്ചിട്ടില്ല എന്നറിയാം… മരിച്ചു പോയവര്‍ പോലും വന്ന് സിപിഎമ്മിന് വോട്ട് ചെയ്യുന്ന കാലത്ത് ഇത് അത്ഭുതവുമല്ല. പക്ഷെ തൃക്കാക്കരയുടെ ജനവിധിയെ അപമാനിക്കുന്ന ഇത്തരം നെറികേടുകള്‍ക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കും. പിന്നെ കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയില്‍ നേരിടാനും തന്നെയാണ് തീരുമാനം. കള്ളവോട്ടിനു സഹായിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഓര്‍മിപ്പിക്കുന്നു.