ഇഡിയുടെ സമണ്‍സിനു താന്‍ നല്കിയ മറുപടി എങ്ങനെ കുത്തിത്തിരിപ്പിനുപയോഗിക്കാം എന്ന ഗവേഷണമാണ് ചില മാദ്ധ്യമങ്ങള്‍ നടത്തുന്നതെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ കുറിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും കിഫ്ബി (Kerala Infrastructure Investment Board – KIIFB) വൈസ് ചെയര്മാന് എന്ന നിലയിലും കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയര്മാന് എന്ന നിലയിലും വാങ്ങ്മൂലമുള്ള തെളിവുകള്‍ (oral evidence) നല്കാന് ഹാജരാകണമെന്നതാണ് ഇഡി എനിക്കു നല്കിയ സമന്‍സില്‍ പറഞ്ഞിട്ടുള്ളത്.
കിഫ്ബിയിലെ ഈ രണ്ടു പദവികളും ധനമന്ത്രി എന്ന നിലയില്‍ വഹിച്ച ex officio പദവികളാണ്. കേരള നിയമസഭ പാസാക്കിയ കിഫ്ബി ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് ബോര്‍ഡ് (Kerala Infrastructure Investment Board) രൂപീകരിക്കപ്പെടുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോര്‍ഡിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനുമാകുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്മാന് എന്നതും ഇതേപോലെ എക്സ് ഓഫീഷ്യോ പദവിയാണ്. കിഫ്ബി ആക്ട് ഒരു രീതിയിലും ഈ പദവികള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും അധികാരം നല്‍കുന്നില്ല. ബോര്‍ഡ് റസലൂഷനുകളായിട്ടാണ് കിഫ്ബിയുടെ ഏതു തീരുമാനവും കൈക്കൊള്ളുന്നത്. അതിനാല്‍ മസാല ബോണ്ട് ഇറക്കുന്നതില്‍ എനിക്കു വ്യക്തിപരമായി ഒരു റോളും ഇല്ലാത്തതാണ്.
ഇതാണ് മറുപടിയിലെ 9-ാം ഖണ്ഡികയുടെ ഉള്ളടക്കം. മസാല ബോണ്ട് റിസര്‍വ്വ് ബാങ്ക് അനുമതിയോടെ നിയമ പ്രകാരം ഇറക്കിയതും ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടുള്ളതുമാണ് എന്ന വസ്തുത മറുപടിയില്‍ തുടര്‍ന്നുള്ള ഖണ്ഡികകളില്‍ വിശദീകരിച്ചിട്ടുമുണ്ട്.
ഈ ഖണ്ഡികയില്‍ നിന്നും ‘………The said Board comprises 17 members which includes the Chief Minister of the State as its chairperson and the Minister for Finance as its Vice chairperson in their official capacity…….. ‘ എന്ന വാക്യം എടുക്കുന്നു. അതിനോട് ‘ ……..As evident from the other provisions of the KIIFB Act, the decisions of the KIIFB are taken by way of Board resolutions …..’ എന്ന പിന്നീടു വരുന്ന ഒരു ഭാഗം ചേര്‍ത്തു വെച്ച് ഒരു വ്യാഖ്യാനം ചമയ്ക്കുന്നു.
മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ് എന്ന് ഇഡിയ്ക്കുള്ള മറുപടിയില്‍ തോമസ് ഐസക് പറഞ്ഞു എന്ന മട്ടില്‍ ഒരു വാര്‍ത്ത ചമയ്ക്കുന്നു.
മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക പദവിയുടെ ഭാഗമായി (in their official capacity) ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് എന്നു പറഞ്ഞതിനെ ഈ ദുഷ്ട ലാക്കോടെ പ്രചരിപ്പിക്കുന്നതാണ് ഇവിടത്തെ ഒരു കൂട്ടം മാധ്യമങ്ങളുടെ രീതി.
ഇഡിയ്ക്കു കൊടുത്ത മറുപടിയോട് മെരിറ്റില്‍ എന്തെങ്കിലും വിമര്‍ശനമുന്നയിക്കാന്‍ പാങ്ങില്ലാതെ വരുമ്പോള്‍ കുന്നായ്മയും കുത്തിത്തിരിപ്പും. അതാണ് ലൈന്‍.
Read more
ഇതൊന്നും കൊണ്ട് ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ല എന്നു മാത്രം പറയട്ടെയെന്ന് അദേഹം പറഞ്ഞു.