കളമശ്ശേരി സ്‌ഫോടനത്തില്‍ ആകെ മരണം ഏഴായി; ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു

കൊച്ചി കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോണ്‍(78) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജോണ്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു ജോണിന്.

ജോണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. ജോണിന്റെ ഭാര്യ ലില്ലിയും സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നേരത്തെ ആറ് പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണത്തിന് കീഴടങ്ങിയത്.

ഒക്ടോബര്‍ 29ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്റെ അവസാന ദിനമാണ് സ്‌ഫോടനം നടന്നത്. തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂര്‍ സ്വദേശി സാലി മകള്‍ ലിബിന, മകന്‍ പ്രവീണ്‍ എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ച മറ്റുള്ളവര്‍.

ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ ഡൊമിനിക് മാര്‍ട്ടിന്‍ റിമാന്റിലാണ്.