ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനി പുറത്തിറങ്ങി, ഒരു മാസത്തേക്ക് പരോൾ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ ലഭിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് പുറത്തിറങ്ങി.

കൊടി സുനിയുടെ പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

Read more