കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും; കുട്ടികളുടെ മനസില്‍ മത്സരബുദ്ധി വളര്‍ത്തരുതെന്ന് മുഖ്യമന്ത്രി

സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും കല പോയിന്റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാന വേദിയായ ആശ്രാമം മൈതാനിയില്‍ ഉദ്ഘാടന ശേഷം മോഹിനിയാട്ട മത്സരം അരങ്ങേറി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.

ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. സിനിമാ താരം നിഖില വിമല്‍ മുഖ്യാതിഥി ആയിരുന്നു. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി.

തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു. തുടര്‍ന്ന് സ്വാഗത ഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി.

Read more

മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജിആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സിഎ സന്തോഷ് നിര്‍വഹിക്കും.