വലിയ പ്രതീക്ഷയോടെ തുടങ്ങിയ ശേഷം വലിയ രീതിയിൽ ഉള്ള തിരിച്ചടിയാണ് ചെന്നൈ സൂപ്പർ കിങ്സിന് കിട്ടുന്നത്. ഇന്നലെ രാജസ്ഥാനോടും തോറ്റതോടെ ടീമിന്റെ ഈ സീസണിലെ യാത്ര അത്ര ശുഭം ആയിരിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ആരാധകർക്ക് കിട്ടിയിരിക്കുന്നത്. എന്തായാലും മത്സരശേഷം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തന്റെ ടീമിന്റെ ഓപ്പണർ രാഹുൽ ത്രിപാഠിയെ പേരെടുത്ത് പറയാതെ വിമർശനം നടത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിൽ ടീമിന്റെ മൂന്ന് മത്സരങ്ങളിലും ത്രിപാഠിയുടെ പ്രകടനം മോശമായിരുന്നു. പവർ പ്ലേ ഓവറുകളിൽ എല്ലാ ടീമുകളും വമ്പനടികൾക്ക് ശ്രമിക്കുമ്പോൾ ത്രിപാഠി ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്.
ഇന്നലെ ലീഗിലെ ഏറ്റവും ദുർബല ടീമുകളിൽ ഒന്നായ രാജസ്ഥാൻ ഉയർത്തിയ 183 റൺ പിന്തുടരാൻ കഴിയാതെ ചെന്നൈ പരാജയപെട്ടപ്പോൾ അതിന് വലിയ ഒരു പങ്ക് വഹിച്ചത് ഈ പവർ പ്ലേയിലെ മോശം പ്രകടനം തന്നെ ആയിരുന്നു. മത്സരം അവസാനിച്ച ശേഷം, മികച്ച തുടക്കം നൽകാൻ കഴിയാത്തതിന് ത്രിപാഠിയെയും രച്ചിൻ രവീന്ദ്രയെയും അദ്ദേഹം വിമർശിച്ചു.
“വർഷങ്ങളായി, അജിൻക്യ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തു, റായുഡു മധ്യ ഓവറുകൾ കൈകാര്യം ചെയ്തു. മധ്യ ഓവറുകൾ കൈകാര്യം ചെയ്യാൻ ഞാൻ അൽപ്പം വൈകി എത്തിയാലും കുഴപ്പമില്ല എന്നാണ് കരുതിയത്. അതുകൊണ്ടാണ് ഓപ്പണർ സ്ഥാനം വിട്ടത്, ത്രിപാഠിക്ക് ഓപ്പണർ എന്ന നിലയിൽ തിളങ്ങാൻ കഴിയും എന്നാണ് കരുതിയത്” ഗെയ്ക്‌വാദ് പറഞ്ഞു.
“എന്തായാലും, മൂന്ന് മത്സരങ്ങളിലും എനിക്ക് നേരത്തെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. അത് പ്രശ്നമല്ല. ലേല സമയത്ത് ഇത് തീരുമാനിച്ചതാണ്, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. ആവശ്യമുള്ളപ്പോൾ എനിക്ക് റിസ്ക് എടുക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കഴിയും,” ഗെയ്ക്വാദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് സീസണുകളിലായി 180 ന് മുകളിലുള്ള ഒരു ലക്ഷ്യം പോലും പിന്തുടരാതിരുന്ന ചെന്നൈ, വീണ്ടും ബാറ്റിംഗിൽ പരാജയമായി. നിശ്ചിത ഓവറിൽ 176/6 എന്ന നിലയിൽ അവർ പോരാട്ടം അവസാനിപ്പിച്ചു.