മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റതിന് പിന്നിൽ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകര്‍; രണ്ട് പേർ പിടിയിൽ

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേർ പൊലീസ് പിടിയില്‍. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെഎസ്‌യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുത്തേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമാണ് നാസറിന് പുലര്‍ച്ചെ ഒരു മണിയോടെ കോളേജിനു സമീപത്ത് വെച്ചാണ് കുത്തേറ്റത്. ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.

Read more

അക്രമിച്ചവരിൽ ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരും ആണെന്നാണ് വിവരം. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.