പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ് ബിനോ ആണ് അന്വേഷണം നടത്തുന്നത്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഐജിയുടെ നിർദേശം.  കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലായിരുന്നു അക്ഷരത്തെറ്റുകളുണ്ടായത്.

തിരുവനന്തപുരത്തെ ഏജൻസിക്ക് ക്വട്ടേഷൻ നൽകിയതിൽ കാലതാമസം വരുത്തിയെന്നാണ് സൂചന. ഓഗസ്റ്റ് 15-ന് മെഡൽ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കിയത് ഒക്ടോബർ 23-നാണ്. രണ്ട് വർഷം മുൻപ് ഇതേ ഏജൻസി തയ്യാറാക്കിയ മെഡലുകളിലും തെറ്റുണ്ടായതായാണ് വിവരം. അന്ന് മാറ്റിവെച്ച മെഡലുകൾ വീണ്ടും നൽകിയോ എന്നതിലും സംശയമുണ്ട്.

264 ഉദ്യോഗസ്ഥർക്കാണ് തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിൽ അക്ഷരപ്പിശകുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ എന്നായിരുന്നു എഴുതിയിരുന്നത്. ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബായിരുന്നു. ആ സമയം വരെയും മെഡലിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മെഡൽ ലഭിച്ച ഉദ്യോഗസ്ഥരാണ് പിശക് കണ്ടെത്തിയത്.