'മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥ'; കുറ്റവിചാരണസദസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കതിരെ നേതാക്കൾ ആഞ്ഞടിക്കുകയായിരുന്നു. ധനാകാര്യ മാനേജ്മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചപ്പോൾ, പിണറായി സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണെന്നും മുരളീധരൻ പറ‍ഞ്ഞു.

പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു. ബേപ്പൂരിലെ ഫറോക്കിൽ പ്രതിപക്ഷനേതാവ് വിഡി സതീശനാണ് യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർ‌വഹിച്ചത്.നവ കേരള സദസിനെത്തിരെ ഹൈക്കോടതിയുടെ 4 ഉത്തരവുകൾ വന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്കൂൾ ബസ് ഉപയോഗിക്കരുത് , കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവും ഹൈക്കോടതി തടഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ വേദി മാറ്റേണ്ടി വന്നു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ്. നാല് ഹൈക്കോടതി ഉത്തരവുകളാണ് ഈ അശ്ലീല നാടകത്തിന് എതിരെ ഉണ്ടായതെന്ന് പ്രതിപക്ഷം പറഞ്ഞു.

വൈദ്യുത വകുപ്പ് വൻ നഷ്ടത്തിലാക്കി.സപ്ലൈകോയിൽ സാധനമില്ല. കെഎസ്ആ‍ര്‍ടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. നെല്ല് സംഭരണത്തിന്റെ തുക നൽകിയില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർത്തു.എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കൊവിഡിന്റെ മറവിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകൾ നടത്തി. മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്ന വകയിൽ നടത്തിയത് വൻ തട്ടിപ്പാണെന്നും വിഡി സതീശൻ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതീകാത്മക ഇടപെടലാണ് യുഡിഎഫിന്റെ കുറ്റ വിചാരണ സദസെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. . ഒരു കാര്യവും ചെയ്യാതെ ഇത്ര കാലം ഇരുന്ന സര്‍ക്കാര്‍ ഇപ്പോൾ ജനങ്ങളെ കാണുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. നാല് മാസത്തെ കുടിശിക നിൽക്കെ, ഒരു മാസത്തെ പെൻഷൻ തുക മാത്രം ആശ്രിതര്‍ക്ക് കൊടുത്തത് നവകേരള സദസ്സിന്റെ പേരിലാണ്. അസാമാന്യ തൊലിക്കട്ടിയാണ് ഇടത് സര്‍ക്കാരിനെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

എറണാകുളം കളമശ്ശേരിയിലാണ് കെ മുരളീധരൻ എംപി യുഡിഎഫ് പരിപാടിയിൽ സംസാരിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകൾക്ക് പോലും നിലനിൽപ്പില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ്‌ ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം പണം നൽകുന്നില്ല. അവർ ധൂര്‍ത്ത് ഒഴിവാക്കി പണം ഉണ്ടാക്കുകയാണ്. എന്നാൽ കേരളത്തിൽ ഇതല്ല സ്ഥിതി. സമ്പന്നന്മാർക്ക് പ്രഭാത ഭക്ഷണം നൽകുന്ന യാത്രയാണ് നവ കേരള സദസ്സ്. കേരളത്തിൽ ആരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായി? മന്ത്രിമാർക്ക് കാര്യങ്ങൾ പറയാൻ രാവിലെ പ്രഭാത നടത്തവും ചാനലുകാരും വേണം. മുഖ്യമന്ത്രി വേദിയിൽ പരാതി പറയാൻ അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണെന്ന് മുരളീധരൻ പറഞ്ഞു.

ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നവരെ വേണ്ട രീതിയിൽ കാണാൻ അറിയാം. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ആദരമർപ്പിക്കാൻ മന്ത്രിമാർ പോയില്ല. പത്തനംതിട്ടയിലെ മന്ത്രി വീണ ജോർജ് പോലും പോയില്ല. സർക്കാർ ചെയ്തത് അനാദരവ് കാണിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ എഐ ക്യാമറകൾ എവിടെ പോയി? കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നാണ് ആന്റണി രാജു വീമ്പിളക്കുന്നത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ദേശീയപാത വഴിയാണെന്നും മുരളീധരൻ പറഞ്ഞു.