സംസ്ഥാനത്ത് യുഡിഎഫ് തരം​ഗം; 20 ൽ 18ഉം നേടി കോൺഗ്രസ്, താമര വിരിയിച്ച് സുരേഷ്‌ഗോപി, ആലത്തൂരിൽ മാത്രം വേരുറപ്പിച്ച് എൽഡിഎഫ്

സംസ്ഥാനത്ത് യുഡിഎഫ് തരം​ഗം. 18 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയമുറപ്പിച്ചു. ബിജെപി 1, എൽഡിഎഫ് 1. 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷം കടന്നു. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിയും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ് നേടി.

കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ ജയം. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫിന് അധികാരം പിടിക്കാൻ പറ്റിയത്. ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് അടൂർ പ്രകാശ് ജയിക്കുകയായിരുന്നു.

പൊന്നാനിയില്‍ ഇത്തവണയും ലീഗിന് മിന്നും ജയം നേടാനായി. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഡോ. എം പി അബ്ദുസമദ് സമദാനി ജയിച്ചു. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയെ പിന്തള്ളിയാണ് മിന്നും ജയം സമദാനി കൈവരിച്ചത്. എക്സിറ്റ് പോളുകളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തിയിരുന്നു. നിലവിൽ മലപ്പുറത്തെ സിറ്റിങ് എംപിയാണ് സമദാനി. പൊന്നാനിലെ സിറ്റിംഗ് എംപിയായിരുന്ന മുഹമ്മദ് ബഷീറും മലപ്പുറത്തെ സിറ്റിങ് എംപി സമദാനിയും സീറ്റ് വച്ച്മാറുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെ തള്ളിയാണ് തൃശൂരിൽ സുരേഷ്‌ഗോപി ഒന്നാമതെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. അതേസമയം സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

ഇടത് കുത്തകയായ തൃശൂർ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തന്നെയാണ് വി.എസ് സുനിൽകുമാറിനെ എൽഡിഎഫ് ഇറക്കിയത്. എങ്കിലും സുരേഷ്ഗോപിയുടെ മുന്നേറ്റത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ വി.എസ് സുനിൽകുമാറിനായില്ല. അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരനും മുന്നേറാനായില്ല. 2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപൻ്റെ അടുത്തെത്താൻ പോലും കെ മുരളീധരന് സാധിച്ചില്ല. ഒടുക്കം മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടിവന്നു.

2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ തന്നെയാണ് കോട്ടയത്ത് ഇത്തവണയും എല്‍ഡിഎഫ് രംഗത്ത് ഇറക്കിയത്. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ചാഴിക്കാടനെ പിന്തള്ളി ജയിക്കുകയായിരുന്നു.

2021 -ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ചാല്‍ യുഡിഎഫിന് മേല്‍ക്കൈ കോട്ടയത്തുണ്ട്. എങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും ചേരുമ്പോള്‍ എല്‍ഡിഎഫിനും ശക്തി ഒട്ടും കുറവായിരുന്നില്ല. 2019 -ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് വിജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടന്‍ 2020 -ലെ മുന്നണി മാറ്റത്തോടെ എല്‍ഡിഎഫിലെത്തിയത് മണ്ഡലത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റി മറിച്ചു.

എൽഡിഎഫിന്റെ ഒരുതരി കനലിനെ കാത്തുസൂക്ഷിച്ച നാടാണ് ആലപ്പുഴ. എന്നാലിത്തവണ 60,000 -ത്തിലധികം വോട്ടിന് താഴെയാണ് ഇടതിന്റെ എ.എം ആരിഫിന് നേടാനായത്. എ.എം ആരിഫിനെ പിന്തള്ളി കെ.സി വേണുഗോപാൽ ആലപ്പുഴ പിടിച്ചെടുക്കുകയായിരുന്നു. 2009 -ല്‍ 57,635 ഇടതു സ്വതന്ത്രനോട് മണ്ഡലം തിരിച്ചുപിടിച്ചതും കെ. സി വേണു​ഗോപാൽ തന്നെയായിരുന്നു. 2014 -ലും കെ.സി വേണു​ഗോപാൽ വിജയിച്ചു. എന്നാൽ, പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് കെസി വേണുഗോപാല്‍ ദില്ലിയിലേക്ക് പോയതോടെ 2019 -ല്‍ ഷാനിമോള്‍ ഉസ്മാനാണ് യുഡിഫിന് വേണ്ടി മത്സരത്തിനിറങ്ങിയത്. തോൽവിയായിരുന്നു ഫലം. എന്നാൽ, ഇത്തവണ വീണ്ടും ഒരിക്കൽ കൂടി മണ്ഡലം കെ. സി വേണു​ഗോപാൽ തിരിച്ചുപിടിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരത്ത് അവസാന ലാപ്പില്‍ കുതിച്ച് കയറുകയായിരുന്നു ശശി തരൂര്‍. തലസ്ഥാനം അട്ടിമറിയിലേക്ക് പോകുമോ എന്ന് തോന്നിപ്പിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ നാലാം തവണയും തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല. ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയായിരുന്നു തിരുവനന്തപുരത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടന്നത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂ‍ർ ഏറ്റവും ഒടുവിൽ വിജയിക്കുകയായിരുന്നു.

ഇടതുകോട്ടയായ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി. കെ. ശ്രീകണ്ഠൻ അധികാരം പിടിച്ചെടുത്തു. സിപിഎമ്മിന്‍റെ മുതിർന്ന നേതാവായ എ. വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ കുറച്ച് വിയര്‍ത്തിട്ടാണ് പാലക്കാട് മണ്ഡലം യുഡിഎഫ് പിടിച്ചത്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി തങ്ങളുടെ ശക്തനായ വിജയരാഘവനെ ഇറക്കി ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വിജയരാഘവന്‍ മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് ഉജ്ജ്വല വിജയമാണ് ഉണ്ടായത്. എൽഡിഎഫ് സ്ഥാനാർത്ഥി നടനും എംഎൽഎയുമായ എം മുകേഷിനെ തള്ളിയാണ് എന്‍ കെ പ്രേമചന്ദ്രൻ ഒന്നാമതെത്തിയത്. കളം പിടിക്കാന്‍ ബിജെപി ഇറക്കിയ സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാര്‍ മൂന്നാമതാണ്. 2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് കൊല്ലം മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രന് ഹാട്രിക് വിജയമാണ് നേടാനായത്.