പ്രിയ വര്‍ഗീസിന് നിശ്ചിത അധ്യാപന പരിചയമില്ലെന്ന് യു.ജി.സി:'ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല'

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ നീട്ടിയത് അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിലാണ് നടപടി,

അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ ജി സി സത്യവാഗ്മൂലം നല്‍കി.യൂ ജി സി ക്കു വേണ്ടി ഡല്‍ഹിയിലെ യൂജിസി എഡ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാഗ്മൂലം നല്‍കിയത്.

സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളു വെന്നും സത്യവാഗ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.

Read more

എതിര്‍ സത്യവാഗ്മൂലം നല്‍കാന്‍ പ്രിയവര്‍ ഗീസിന് കോടതി സമയം അനുവദിച്ചു. നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഗവര്‍ണര്‍, സര്‍വ്വകലാശാല,പ്രിയ വര്‍ഗീസ്, ഹര്‍ജിക്കാരന്‍ എന്നിവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സലും കോടതിയില്‍ ഹാജരായി