അനാവശ്യമായ വിവാദം, ഷെജിന് എതിരെ നടപടിയെടുക്കില്ലെന്ന് വി.കെ സനോജ്

കോടഞ്ചേരിയിലെ വിവാഹത്തിന് പിന്നാലെ നടക്കുന്നത് അനാവശ്യമായ വിവാദമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. നിയമപരമായി തെറ്റായ കാര്യമല്ല നടന്നത്. വിവാഹത്തെ ഡിവൈഎഫ്‌ഐ അംഗീകരിക്കും. ജോര്‍ജ്.എം.തോമസിന്റേത് തെറ്റായ നിലപാടാണ്. അത് ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നില്ലെന്നും സനോജ് പറഞ്ഞു.

മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇങ്ങനെയെല്ലാം ഉള്ള വിവാഹങ്ങള്‍ക്കെതിരായി വലിയ രൂപത്തില്‍ കേരളത്തില്‍ ബഹളമുണ്ടാക്കുകയും, വര്‍ഗീയ കലാപങ്ങള്‍ക്ക് ഉള്‍പ്പെടെ ആഹ്വാനം ചെയ്ത അനുഭവം കേരളത്തിലുണ്ട്. അപ്പോഴെല്ലാം ഡിവൈഎഫ്‌ഐ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ.

ഷെജിനും ജോയ്‌സനയ്ക്കും സംഘടന എല്ലാ വിധ പിന്തുണയും നല്‍കും. ഒരു ശക്തിക്കും ഭീഷണിപ്പെടുത്തി അവരുടെ ബന്ധത്തെ തകര്‍ക്കാനാവില്ല. ലവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണ്. ഈ ആശയം തന്നെ സമൂഹത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്നും സനോജ് പറഞ്ഞു.

Read more

ലവ് ജിഹാദ് എന്നത് സംഘപരിവാര്‍ ഉണ്ടാക്കിയ വളരെ നിര്‍മ്മിതമായിട്ടുള്ള കലാപത്തിനുള്ള വേണ്ടിയിട്ടുള്ള കഥയായിരുന്നു. കേരളത്തില്‍ അത്തരം സംഭവങ്ങളില്ല. ജോര്‍ജ്.എം.തോമസ് പ്രസ്താവന തിരുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു.