പെരിയാറില്‍ രാസമാലിന്യങ്ങളുടെ നിലയ്ക്കാത്ത ഒഴുക്ക്; ചേരാനല്ലൂരില്‍ വീണ്ടും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

എറണാകുളം ചേരാനല്ലൂര്‍ ബ്ലായിക്കടവില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ വര്‍ഷവും ബ്ലായിക്കടവില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. എടയാറിലെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പെരിയാറില്‍ ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികാരികള്‍ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നദിയിലെ ജലം പതഞ്ഞുപൊങ്ങിയിരുന്നു. വ്യവസായ ശാലകളില്‍ നിന്നുള്ള മലിന ജലത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ വെള്ളം പതഞ്ഞുപൊങ്ങിയതിന് പിന്നാലെയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഏലൂര്‍ എടയാര്‍ വ്യാവസായിക മേഖലയിലും പെരിയാറിന്റെ തീരത്ത് പല സ്ഥലങ്ങളിലായി നിരവധി മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

അന്ന് പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ രാസമാലിന്യജലം പുഴയിലേക്കൊഴുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം.

Read more