'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

കേരള ഗവർണർ സ്ഥാനത്ത് നിന്നും പദവി ഒഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാനെ യാത്രയാക്കാൻ സംസ്ഥാന സർക്കാർ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും വി മുരളീഹാരം കുറ്റപ്പെടുത്തി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസരിച്ചാണെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും വി മുരളീധരൻ വ്യക്തമാക്കി. അതേസമയം മൻമോഹൻ സിങ് സ്മാരക വിവാദത്തിൽ കോൺഗ്രസിനെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കളെ കോൺഗ്രസ് ആദരിച്ചിട്ടില്ലെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന്റെ വീഴ്ചകൾ മറയ്ക്കാനാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കോൺഗ്രസിൻ്റെ ജമാഅത്തെ ഇസ്ലാമി ബന്ധം രഹസ്യമല്ലെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുമായും മുസ്ലിം ഭീകരവാദ സംഘടനകളുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം വെക്കുന്നത് പുതിയ കാര്യമല്ല. ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസ് നേതാക്കൾ പരസ്യമാക്കിയത് നന്നായെന്നും വി മുരളീധരൻ പറഞ്ഞു.